അഗത്തി :- വിനോദ സഞ്ചാരക്കപ്പലായ കോർഡേലിയാ ക്രൂയിസ് എത്തുന്ന കാരണത്താൽ നബിദിനാഘോഷ പരിപാടികൾ ക്രമീകരിക്കുവാൻ മത സംഘടനകൾ നിർബന്ധിതരായി. റബീഉൽ അവ്വൽ 11 ( 3.9.2025) രാവിലെ 11 മണിക്കാണ് വിനോദ സഞ്ചാരികളുമായി കപ്പൽ അഗത്തിയിൽ എത്തിച്ചേരുക. കൊച്ചിയിൽ നിന്നാണ് കോർഡേലിയാ വരുന്നത്. ഈ ദിവസത്തിലാണ് (റബീഉൽ അവ്വൽ 11) അഗത്തിയിൽ സാധാരണ നബിദിന ഘോഷയാത്രകൾ നടത്തുന്നത്. രാവിലെ ആരംഭിക്കുന്ന ഘോഷയാത്ര വൈകുന്നേരം വരെ നീണ്ടു നിൽക്കുന്നതാണ്.
ലക്ഷദ്വീപിലെ ഏറ്റവും വലിയ ആഘോഷമാണ് നബിദിനം. ആ ദിവസം വിനോദ സഞ്ചാരക്കപ്പൽ വരുന്നത് മൂലം ആഘോഷങ്ങൾക്രമികരിക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ടി വരുന്നത് ശരിയായ നടപടിയല്ല എന്ന പരാതി ജനങ്ങൾക്കിടയിലുണ്ട്. സർക്കാർ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദമാണ് ഇതിന് കാരണം എന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
മിനിക്കോയി സ്വദേശിയായ പുതിയ സ്പോർട്ട്സ് മാനേജർ, മത സംഘടനാ നേതാക്കൻമാരെ വിളിച്ചു കൂട്ടി വിനോദ സഞ്ചാരക്കപ്പൽ വരുന്ന കാര്യം പറയുകയും അന്ന് എന്താണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുവാനും അഭ്യർത്ഥിച്ചു. അത് പ്രകാരം സംഘടനാ നേതാക്കൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തി എന്നാണ് വിശദീകരിക്കപ്പെടുന്നത്.
റബീഉൽ അവ്വൽ 11നാണ് ജാഥ (ഘോഷയാത്ര) 12 ന് അന്ന ദാനം അഥവാ ചീരണി വിതരണം എന്ന നിലയിലാണ് സാധാരണ അഗത്തിയിൽ നടത്തിവരുന്നത്. കോർഡേലിയയുടെ വരവ് പ്രമാണിച്ച് ഏ.പി.വിഭാഗം അവരുടെ ജാഥ 11 ന് (3.9.2025) രാവിലെ 6.30 ന് ആരംഭിച്ച് 11 മണിക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇ.കെ.വിഭാഗം അവരുടെ ജാഥമറ്റൊരു ദിവസത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചു എന്നാണ് അറിയുവാൻ സാധിക്കുന്നത്. രാവിലെ 6.30 ന് ആരംഭിക്കുന്ന ജാഥ 11 മണിക്ക് ധൃതി പിടിച്ചാണ് അവസാനിപ്പിക്കേണ്ടിവരിക. ജാഥാ വഴികളിലുള്ള മഖ്ബറകളിലെ സന്ദർശനം, മദ്രസകളിലെ സ്വീകരണം എന്നിവയെല്ലാം ഒഴിവാക്കേണ്ടി വരികയും തത്രപ്പെട്ട് നടന്ന് നീങ്ങുകയും വേണം. ഇങ്ങനെയുള്ള സമ്മർദ്ധങ്ങൾ ആഘോഷങ്ങളുടെ പൊലിമ ഇല്ലാതാക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കപ്പലിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് ദ്വീപിലെ നബിദിനാഘോഷങ്ങൾ കാണുവാനും അതിൽ പങ്കു ചേരുവാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കലായിരുന്നു വേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
