കൊല്ലം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) സംഘടിപ്പിച്ച ‘ഉണർവ് 2025’ പ്രദർശന വിപണനമേള വൈവിധ്യമാർന്ന ഉൽപന്നങ്ങളാൽ ശ്രദ്ധ നേടുന്നു. ചിന്നക്കടയിലെ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന മേളയിൽ ദ്വീപ് ഉൽപന്നങ്ങളുടെ സാന്നിധ്യവുമുണ്ട്.
തനതു ഗ്രാമീണ ഉൽപന്നങ്ങൾക്കൊപ്പം ദ്വീപ് ഉണ്ടയടക്കമുള്ള ലക്ഷദ്വീപ് ഉൽപന്നങ്ങളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. അഗത്തി സ്വദേശികളായ അഞ്ചംഗ സംഘമാണ് ലക്ഷദ്വീപ് ഉൽപന്നങ്ങളുടെ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്; സന്ദർശകരുടെ പ്രത്യേക ശ്രദ്ധ ഈ സ്റ്റാൾ പിടിച്ചുപറ്റുന്നു.
സംയോജിത ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗ്രാമീണ ഉൽപന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എണ്ണപ്പനച്ചൂൽ, മാങ്ങാഇഞ്ചി, കാട്ടുതേൻ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ഉൽപന്നങ്ങൾ.
ഇന്നലെ ആരംഭിച്ച മേള എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ജെ.സി. അനിൽ അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ മേള തുറന്നിരിക്കും. നാളെ രാത്രി 8ന് ക്രിസ്മസ്–നവവത്സരാഘോഷങ്ങളോടെയാണ് മേള സമാപിക്കുക.
കൊല്ലത്ത് ‘ഉണർവ് 2025’ പ്രദർശന വിപണനമേള; ലക്ഷദ്വീപ് ഉൽപന്നങ്ങൾ ശ്രദ്ധാകേന്ദ്രം
