കിൽത്താൻ ദ്വീപിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ എം.എൽ. പൂക്കുഞ്ഞി ബോട്ട് സേവനം തുടരണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബൂ താഹിർ ബി.പി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർക്ക് നിവേദനം നൽകി.
കിൽത്താൻ ദ്വീപിൽ ഈസ്റ്റേൺ സൈഡ് ജെട്ടി ഇല്ലാത്ത സാഹചര്യത്തിൽ, യാത്രക്കാരുടെ കയറ്റവും ഇറക്കവും സുഗമമായി നടത്തുന്നതിൽ “എം.എൽ. പൂക്കുഞ്ഞി” ബോട്ട് വലിയ സഹായമാണ് നൽകുന്നതെന്ന് നിവേദനത്തിൽ പറയുന്നു. ദ്വീപിൽ ലഭ്യമായ സ്വകാര്യ ബോട്ടുകൾ വലുപ്പം കുറവുള്ളതിനാൽ യാത്രക്കാരുടെ കയറ്റം-ഇറക്കം കൂടുതൽ സമയം എടുക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നതായും ചൂണ്ടിക്കാട്ടി.
നിലവിൽ ഈ ബോട്ട് കിൽത്താൻ ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് മാറ്റാൻ നിർദേശം പരിഗണനയിലുണ്ടെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് നിവേദനം നൽകിയതെന്നും, അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നിലായിരിക്കുന്ന കിൽത്താൻ ദ്വീപിന് ഈ ബോട്ട് സേവനം അനിവാര്യമാണെന്നും അബൂ താഹിർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ ദീർഘകാലവും ന്യായവുമായ ആവശ്യകത പരിഗണിച്ച് “എം.എൽ. പൂക്കുഞ്ഞി” ബോട്ട് കിൽത്താൻ ദ്വീപിൽ തന്നെ സേവനം തുടരാൻ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കിൽത്താൻ ദ്വീപിലെ എം.എൽ. പൂക്കുഞ്ഞി ബോട്ട് കടത്താനുള്ള ആലോചനക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.
