പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം കിൽത്താൻ ദ്വീപിൽ ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക ഉൽസവമായ എൽ.എസ്.ജിയുടെ അരങ്ങുണരുമ്പോൾ ഈ നാടിനെക്കുറിച്ചുള്ള മുൻ ധാരണകളാണ് തകർന്ന് വീഴുന്നത്. പതിനാറ് വർഷം മുമ്പ് എസ്.ജി. എഫ്. ഐ. നടന്ന സ്ഥലമാണ് കിൽത്താൻ. കലോൽസവം ഇവിടെ നടക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. കാരണം കിൽത്താൻ ദ്വീപിൻ്റെ സാംസ്കാരിക പൈതൃകമാണ് ഏറ്റവും പ്രാധാന്യമായത്. ആയിരത്തി എണ്ണൂറുകൾ മുതൽ ‘ഇവിടെ സാഹിത്യ കൃതികൾ രചിക്കപ്പെടാനും അതും വീടുകളിലും പാണ്ടിയാലകളിലുമിരുന്ന് വായിക്കാനും കഥകൾ പറയാനും പാട്ടുകൾ പാടാനും ആരംഭിച്ചിരുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ സാഹിത്യ കൃതി ഏതെന്ന് ചോദിച്ചാൽ അത് കിൽത്താൻ ദ്വീപിലെ ബലിയ ഇല്ലം അഹ്മദ് മുസ്ലിയാർ എന്ന പള്ളിക്കോയായുടെ കൽ വൈര മാലയും അഹ്മദ് നഖ്ശബന്തി തങ്ങളുടെ കോലസിരിമാലയുമാണ്. എഴുത്ത് പാരമ്പര്യത്തിൻ്റെ ദീപശിഖ ആയിരത്തി എണ്ണൂർകൾ മുതൽ 2025 വരെ അണയാതെ ഇവിടത്തെ ജനത കാത്ത് സൂക്ഷിക്കുന്നുണ്ട്. സർഗാത്മകമായ ആവിഷ്ക്കാര ഭംഗിയോടെയാണ് ഇവിടെ കളിയായാലും കലാ സാഹിത്യമായാലും കിൽത്താൻ ദ്വീപുകാർ സമീപിക്കുന്നത്. വിദ്യാഭ്യാസത്തിൻ്റെ മൂല്യം മനസിലാക്കി ഇവിടത്തെ പൂർവികർ സ്ഥാപിച്ച പള്ളി ദർസുകളും റഹ്മാനി പഠന ഗുരുകുലങ്ങളും തേടി ദ്വീപുകളിലെ വിദ്യാർത്ഥികൾ നടത്തിയ യാത്രകളാണ് ഈ ദ്വീപിന് ചെറിയ പൊന്നാനി എന്ന പേര് കിട്ടാൻ കാരണമായത്. കളിക്കള സൗകര്യങ്ങൾ തുലോം കുറഞ്ഞ ഈ ദ്വീപിലെ കളിക്കാരുടെ പ്രതിഭാ ശേഷി പല കളി അരങ്ങുകളിലും പ്രശംസിക്കപ്പെട്ടതാണ്. എൽ. എസ്.ജി യുടെ ലോഗോ ലോഞ്ചിംങ്ങും ക്യാറ്റലോഗ് പ്രകാശനവും സർഗാത്മക ആവിഷ്ക്കാരത്തിൻ്റെ നല്ല ഉദാഹരണങ്ങളാണ്. ലക്ഷദീപിൻ്റെ സംസ്ക്കാരം തേടി വരുന്ന വർക്ക് കിൽത്താൻ ദ്വീപ് സന്ദർശിച്ചില്ലെങ്കിൽ അത് പൂർണ്ണമാവില്ല എന്നതാണ് അവസ്ഥ. ദ്വീപിലെ നാടോടി കലാരൂപങ്ങളായ കാറ്റുവിളി, പെണ്ണാട്ടം തുടങ്ങിയ കലാരൂപങ്ങൾ രൂപപ്പെട്ടതും ഇവിടെയാണ്.
ഇത്രയും സാംസ്കാരിക സവിശേഷതകളുള്ള കിൽത്താൻ ദ്വീപിനെ ഭരണ കൂടം ഇത്രയും നാൾ അവഗണിക്കുകയായിരുന്നു. ഞങ്ങൾക്ക് കളിക്കാൻ ഇൻ്റർനാഷണൽ നിലവാരമുള്ള ഒരു കോർട്ട് വേണം. ലക്ഷദ്വീപിൽ ഏറ്റവും അവസാനമാണ് ഞങ്ങൾക്ക് ഈസ്റ്റേൺ ജെട്ടി അനുവതിച്ചത്. അന്താരാഷ്ട്ര കടൽ മാർഗത്തിനടുത്ത് കിടക്കുന്ന ദ്വീപായതിനാൽ ഈ നാട്ടിലെ കിഴക്കേ പാലം കപ്പലുകൾക്ക് കുടിവെള്ളം നിറക്കാനും കണ്ടൈനർ ടെർമിനലായും വികസിപ്പിക്കാവുന്നതാണ്. അതുവഴി ദ്വീപിൻ്റെ സാമ്പത്തികസ്ഥിതി, തൊഴിൽ അവസരം എന്നിവക്ക് കാര്യമായ സാദ്യതകൾ തുറന്ന് കിട്ടും. ലക്ഷദ്വീപിന് വേണ്ടി ഒരു സാംസ്ക്കാരിക പഠനകേന്ദ്രം ഇവിടെ ആരംഭിക്കേണ്ടതുണ്ട്. ലക്ഷദ്വീപിലെ പരമ്പരാഗത നാവിക ശാസ്ത്രം (മാൽമിക്കണക്കി ), ഓട നിർമ്മാണം, കടലറിവുകൾ, സൂഫി സാഹിത്യം തുടങ്ങി ഒട്ടനവതി മേഖലകൾ ദ്വീപിൽ നാശത്തെ നേരിടുകയാണ്.
അവഗണനയുടെ കയ്പ്പ് നീർ കുടിച്ച ഈ ദ്വീപിനെ , ഞങ്ങളുടെ ചെറിയ പൊന്നാനിയെ, ഇനിയും നിങ്ങൾ അവഗണിക്കരുതേ എന്ന് ഹൃദയം നൊന്ത് അഭ്യർത്ഥിക്കുകയാണ്.
കായിക മാമാങ്കം ചെറിയ പൊന്നാനിയിൽ ഒരുങ്ങുമ്പോൾ
