കൊച്ചി: എം വി ലക്ഷദ്വീപ് സീ യാത്രാ കപ്പലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടായതിനെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന് പരാതി നൽകി മഹദാ ഹുസൈൻ.
കഴിഞ്ഞ രണ്ടുവർഷത്തോളം ഡ്രൈഡോക്കിൽ കിടന്നിരുന്ന ഈ കപ്പൽ, ഏറെ പ്രതീക്ഷയോടെ 2025-ലെ ജൂൺ മാസത്തിലാണ് ദ്വീപുകളിലേക്ക് വീണ്ടും സർവീസ് ആരംഭിച്ചത്. ജൂൺ 14-നു കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ, ദ്വീപുകളിലേക്കുള്ള സർവീസിനിടെ യാത്രക്കാർക്ക് അതിശയിപ്പിക്കുന്ന വിധത്തിൽ സുരക്ഷാ വീഴ്ച്ച നേരിടേണ്ടിവന്നു.
ഓടിക്കൊണ്ടിരുന്ന കപ്പലിന്റെ അടഞ്ഞു കിടക്കുന്ന ഷെൽഡോറിലൂടെ കടൽവെള്ളം കപ്പലിനകത്ത് കയറുകയായിരുന്നു. ജെട്ടിയില്ലാത്ത ദ്വീപുകളിൽ ബോട്ടുകളിലൂടെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള പ്രധാന വാതിലായ ഷെൽഡോറിലൂടെയാണ് വെള്ളം കയറിയത്. കപ്പലിന്റെ സുരക്ഷയെപ്പറ്റിയുള്ള വലിയ സംശയങ്ങൾക്ക് ഇടയാക്കിയ ഈ സംഭവം, യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഡ്രൈഡോക്കിങ്ങിന് ശേഷം എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയായതിനുശേഷം പോലും ഇത്തരത്തിൽ അപകടാവസ്ഥ എങ്ങനെ ഉണ്ടായി? സാമൂഹ്യ പ്രവർത്തകനായ മഹദാ ഹുസൈൻ നൽകിയിരിക്കുന്ന പരാതിയിൽ, കപ്പലിന്റെ പരിശോധനാ മാനദണ്ഡങ്ങളും ഡ്രൈഡോക്കിന്റെ ഗുണനിലവാരവും സംബന്ധിച്ചും ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്ഷദ്വീപ് ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട യാത്രാമാധ്യമമായ കപ്പലിൻ്റെ സുരക്ഷിതത്വം എന്നത് ഇതേപോലെയുള്ള വീഴ്ച്ചകൾക്ക് പിന്നാലെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയമായി മാറിയിരിക്കുകയാണ്.
കപ്പലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച്ച: ഡിജി ഷിപ്പിംഗിന് പരാതി നൽകി മഹദാ ഹുസൈൻ
