കവരത്തി: കടലറിവും ലക്ഷദ്വീപിന്റെ സമ്പന്നമായ പൈതൃകവും ഒരുമിപ്പിച്ച ത്രിദിന ലക്ഷദ്വീപ് മത്സ്യമേളയ്ക്ക് കവരത്തിയിൽ ഇന്ന് സമാപനം. പരമ്പരാഗതമായി തയ്യാറാക്കിയ രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, മത്സ്യബന്ധന മേഖലയിലെ സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, സാംസ്‌കാരികോത്സവം എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളായി.
സിഎംഎഫ്ആർഐയ്ക്ക് കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച മത്സ്യമേള വൻ ജനപങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾക്കൊപ്പം കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും മേളയിൽ പങ്കെടുത്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്. ബി. ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബി. കെ. ബെഹറ അധ്യക്ഷത വഹിച്ചു. മീൻ ചക്കര, നീരാളി ഫ്രൈ, കടൽപായൽ പായസം, ട്യൂണ (ചൂര) ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങിയവ ഭക്ഷ്യസ്റ്റാളുകളിൽ ലഭ്യമായി. വിവിധ ദ്വീപുകളിലെ സ്ത്രീ കൂട്ടായ്മകൾ തയ്യാറാക്കിയ വിഭവങ്ങൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
മത്സ്യബന്ധന മേഖലയിലെ ആധുനിക ഉപകരണങ്ങൾ, ശീതീകരണ സംവിധാനങ്ങൾ, ശാസ്ത്രീയ മത്സ്യകൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രദർശനവും മേളയുടെ ഭാഗമായിരുന്നു. മത്സ്യബന്ധന-മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് 72 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരുന്നത്.
കടലറിവിനൊപ്പം ലക്ഷദ്വീപിന്റെ തനതായ കലാരൂപങ്ങളും സംഗീത പരിപാടികളും അരങ്ങേറി. ശാസ്ത്രജ്ഞരും കർഷകരും തമ്മിലുള്ള ആശയവിനിമയം, സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ഗിരി ശങ്കർ, ഫിഷറീസ് സെക്രട്ടറി രാജ് തിലക്, ഫിഷറീസ് ഡയറക്ടർ കെ. ബുസർ ജംഹർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഐഎഫ്ടി ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഡോ. വി. വെങ്കടസുബ്രമണ്യൻ, കെവികെ മേധാവി ഡോ. പി.എൻ. ആനന്ദ് എന്നിവർ സംസാരിച്ചു.
കടലറിവും രുചിയൂറും വിഭവങ്ങളുമായി മത്സ്യമേള സമാപിച്ചു
