ഒരു കുഞ്ഞുകാവ്യം എഴുതി വെക്കാം, കിൽത്താനിലെ മാതൃക അധ്യാപകർക്ക് – സ്കൂൾ കായിക മേളയെ ഇതിഹാസപ്പെടുത്തിയതി ന്

ഒഫൂർ മാഷ്, അഗത്തി

കോടതിയിൽ പോയിട്ടാണ് കിൽത്താൻ ദ്വീപ് കായിക മേളക്ക് ആതിഥേയത്വം വാങ്ങുന്നത് എന്ന് കേൾക്കുമ്പോൾ കാവ്യം തുടങ്ങുന്നത് ആകാംക്ഷ ഉണ്ടാക്കി തന്നെ.

പറഞ്ഞ സമയത്തിന് തുടങ്ങാൻ പറ്റാതെ കുറേവട്ടംമുടക്കം വന്നപ്പോൾ കിൽത്താനികൾ മാലോകരിൽ മുറുമുറുപ്പുണ്ടാക്കി.. ഇവന്മാർ എന്തിനാ പറ്റാത്ത പണിക്ക് തലവെച്ചത്, അഹങ്കാരികൾ എന്നൊക്കെ… പക്ഷെ, മേള തുടങ്ങിയപ്പോൾ, നിരൂപകരൊക്കെ നിശബ്ദരായി, പിന്നെ ആരാധകരായി.

സംഘടനാമികവ്, ആനുകാലികത, സംഘബോധത്തോടെയുള്ള പ്രയത്നം, പിന്നെ… സാങ്കേതിക വിദ്യയുടെ ഉചിതമായ ഉപയോഗം ഇതെല്ലാം ചേരുവകളായതോടെ കായികമേള വലിയ മാമാങ്കമായി, സർവ്വ ഇനങ്ങളും കെങ്കേമമായി.

രാത്രിയിൽ പച്ചക്കടലിൽ നീന്തൽ, അതും ബഹുകേമ ഒരുക്കങ്ങളോടെ. കടപ്പുറത്തു വലിയ ആൾക്കൂട്ടം, രാത്രി തീരത്തോട് ചേർന്ന് മുട്ടയിടാൻ വന്ന ആമകൾ ലജ്ജിച്ചു, ഇതുവരെ മേള നടത്തിയവരും ലജ്ജിച്ചു, അത്രക്കും ഒരുക്കങ്ങൾ… ആർപ്പുവിളികൾ, ആവേശം, കടലിലെയും കരയിലെയും പ്രേക്ഷകർ ജലമേളക്ക് ആവേശം കൂട്ടി, മറുവശത്തു സർഫ്രാസു മാഷും കാസിം മാഷും പിന്നെയും അണിയറയിലെ പേരറിയാത്ത ആളുകൾ സജീവരായി, അവർ മാഷാണെന്ന് നാട്ടുകാർ മറന്നു, മുന്തിയ മാധ്യമപ്രവർത്തകരായി… നടത്തിപ്പുകാരുടെ വിയർപ്പൊഴുകി അറബിക്കടൽ കൂടുതൽ ഉപ്പിച്ചു നിന്നു.. എവിടെയും സജീവത, ആവേശം, ഹാ എത്ര മനോഹരം!

മറുവശത്തു സേനയെ ഇറക്കി നുഴഞ്ഞുകയറ്റക്കാരായ പ്ലാസ്റ്റിക്കിന്‌ എതിരെ ഗറില്ല യുദ്ധം ആരംഭിച്ചത് വൈറലായി. ഇക്കോ ക്ലബിൻ്റെ യുദ്ധം! ആരാണാവോ അതിന്റെ പിന്നിൽ? അറിയില്ല, അങ്ങനെ പിന്നണിയിൽ എത്ര പേരറിയാത്തവർ…???

മൈതാനമൊരുക്കാൻ ഭാരമുള്ള റോളർ ഉരുട്ടാൻ AHM മുതൽ അവിടത്തെ നാട്ടുകാർവരെ, മേളയുടെ ഖ്യാതി പാടാൻ പഴയ കാർണോർമാർ, ഹാ അന്തസ്…

സാധാരണ കായിക മേള കഴിഞ്ഞാൽ മീറ്റിലെ താരങ്ങളുടെ ഇനങ്ങളുടെ റെക്കോർഡ് രേഖപ്പെടുത്തുന്ന രീതി ദ്വീപിൽ കേട്ടുകേൾവി ഇല്ല, മേള കഴിഞ്ഞപ്പോൾ പബ്ലിക് ഡോമൈനിൽ അതും ലഭ്യമായി, മാതൃകാപരം!

കാവ്യം അപൂർണ്ണമാണ്, കാരണം പിന്നണിയിലുള്ളവരെ മാലോകർ അറിഞ്ഞില്ല, തിരശീലയിൽ ആട്ടമാടിയത് ആരും കണ്ടില്ല, അതിഥികളെ സത്കരിച്ചതും നമ്മൾ അറിഞ്ഞില്ല… കാവ്യത്തിന്റെ തുടർഭാഗങ്ങൾ കുറിക്കാൻ തൂലിക കൈമാറി ഒഴിഞ്ഞു പോവുമ്പോൾ, ഗാന്ധി പറഞ്ഞു വെച്ചത് പോലെ പറഞ്ഞവസാനിപ്പിക്കട്ടെ,
“നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമെന്താണെന്ന് ഒരു പക്ഷെ നിങ്ങൾ മുൻകൂട്ടി അറിയുകയില്ല, എന്നുവെച്ചു ഒന്നും ചെയ്യാതിരുന്നാൽ ഒരു ഫലവും ഉണ്ടാവുകയുമില്ല…”
നിങ്ങൾക്ക് നല്ല ഫലം തന്നെ കിട്ടിയിരിക്കുന്നു…

ഈ മേള ഇനി വരുന്നവർക്ക് ഒരു ആധികാരിക റഫറൻസ് ആയികുറിച്ചു് വെച്ചതിൽ ഞങ്ങൾ ഓരോരുത്തരും നന്ദി പറയേണ്ടിയിരിക്കുന്നു..

പ്രിൻസിപ്പൽ അടക്കം പിന്നിലെ പോരാളികളുടെ പേരുകൾ അജ്ഞാതം! എങ്കിലും, ഹേ അജ്ഞാതരായ മനുഷ്യരെ നിങ്ങൾക്ക് ഹൃദയത്തിൽ നിന്നും ആശംസകൾക്കുറിച്ച ഈ കാവ്യം സമർപ്പിക്കട്ടെ… എഴുത്തുകാരൻ കെ. ബാഹിർ കുറിച്ചിട്ടപോലെ കാവ്യപ്രപഞ്ചമായ കിൽത്താനിലെ ഇതിഹാസ കാവ്യങ്ങൾ ഇനിയുമുയരട്ടെ…