ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ഇതിൽ സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതിട്ടുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.
സംസ്ഥാനത്താകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം നടത്തിയത്. തുടർന്ന് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.
