എയർ ആംബുലൻസ് ലഭിക്കാതെ ചികിത്സ മുടങ്ങി ഒരു ജീവൻ കൂടി പൊലിഞ്ഞു

ചെത്ത്‌ലാത്ത്: വിദഗ്ധ ചികിത്സയ്ക്ക് എയർ ആംബുലൻസ് സേവനം ലഭിക്കാതെ ചെത്ത്‌ലാത്ത് ദ്വീപിൽ രോഗി മരണപ്പെട്ടു. ചെത്ത്‌ലാത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ദിവസങ്ങളായി ബന്ധുക്കളും ആരോഗ്യപ്രവർത്തകരും നടത്തി വരികയായിരുന്നു. എന്നാൽ ആവശ്യമായ ഹെലികോപ്റ്റർ സേവനം ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടത് ബന്ധുക്കളിൽ നിരാശയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്.

ഡോക്ടർമാർ വിദഗ്ധ ചികിത്സക്ക് മാറ്റണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ ഹെലികോപ്റ്റർ സൗകര്യം ഒരുക്കാൻ താല്പര്യപ്പെടില്ല. ഇന്ന് രാവിലെ  എത്തേണ്ടിയിരുന്ന ഹെലികോപ്റ്റർ കാലാവസ്ഥാ മോശമായതിനെ തുടര്‍ന്ന് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ഇതിനൊപ്പം, നാളെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിൽ എത്തിക്കുന്നതിനായി ഹെലികോപ്റ്റർ രാവിലെ അഗത്തിയിലേക്ക് പോകും. ഇതിന് ശേഷമേ ചെത്ത്‌ലാത്ത്, കിൽത്താൻ ദ്വീപുകളിലേക്ക് സർവീസ് ലഭിക്കുകയുള്ളൂ. ഉച്ചക്ക് 12 മണിയോടെ മാത്രമേ ചേത്ത്‌ലാത്ത്, കിൽത്താൻ ദ്വീപുകളിലേക്ക് ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യതയെന്ന് അറിയുന്നു. എന്നാൽ അതുവരെ കാത്തിരിക്കാതെ ഖാദർ കോയ മരണപ്പെടുകയായിരുന്നു.

അതേസമയം, കിൽത്താൻ ദ്വീപിലും ഒരു രോഗി ഇപ്പോഴും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ദ്വീപുകളിൽ ആവർത്തിച്ച് നടക്കുന്ന ഇത്തരം ദുരവസ്ഥക്ക് ഭരണകൂടം അറുതി വരുത്തണമെന്ന് ദ്വീപ് നിവാസികളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിൽ അഡ്മിനിസ്ട്രേഷനുള്ള അനാസ്ഥയാണിത് എന്ന ആരോപണവുമുയരുന്നുണ്ട്.