ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ ജെ.ബി.എസ് മേചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റിയോടോ, രക്ഷിതാക്കളോടോ അഭിപ്രായമോ കൃത്യമായ ചർച്ചകളോ നടത്താതെ സ്കൂൾ അടച്ചുപുട്ടിയത് നൂറിൽപരം കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി.
സ്കൂൾ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 30 ദിവസമായി കുട്ടികൾക്ക് ക്ലാസ് ഇല്ലെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. ജെ.ബി സ്കൂൾ മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് മാതാപിതാക്കൾ രംഗത്തെത്തിയത്. വിദ്യാർത്ഥികളും പ്രതിഷേധ രംഗത്തുണ്ട്. മറ്റ് വിദ്യാലയങ്ങളുമായി ലയിപ്പിക്കപ്പെട്ടെങ്കിലും, പുതിയ സ്‌കൂൾ മൂന്നുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പ്രദേശത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തിൽ ബോധമുളള യുവാക്കളെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾ സൗജന്യമായ സമാന്തര പഠന ക്ലാസുകൾ സംഘടിപ്പിച്ചു. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം നിലനിറുത്താൻ രക്ഷിതാക്കൾ നടത്തുന്ന ഈ ശ്രമങ്ങൾക്ക് വിദ്യാഭ്യാസ പ്രവർത്തകരുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വലിയ പിന്തുണ നേടുകയാണ്.
അഗത്തി, ആന്ത്രോത്ത് എന്നിവിടങ്ങളിലെ രണ്ട് സ്കൂളുകളാണ് ഭരണകൂടം ഇപ്പോൾ അടച്ചുപൂട്ടി മറ്റ് സ്കൂളുകളുമായി ലയിപ്പിച്ചത്. ലക്ഷദ്വീപ് ഭരണകൂടം ഏകപക്ഷീയമായാണ് സ്കൂൾ അടച്ചുപൂട്ടിയതെന്നും മാതാപിതാക്കൾ പ്രതികരിച്ചു. പി.ടി.എ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്താതെയാണ് സ്കൂൾ അടച്ചുപൂട്ടിയതെന്നും വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം അടക്കമുള്ള അവശ്യ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ അറിയിച്ചു. ലക്ഷദ്വീപ് സ്‌കൂളുകൾ ത്രിഭാഷാ നയം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന് പിന്നാലെയാണ് പുതിയ നീക്കം.
എന്നാൽ ലക്ഷദ്വീപിലെ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണമെന്ന് ഉത്തരവിട്ട് കോടതി വിഷയത്തിൽ ഇടപെട്ടു. അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നെല്ലാം അഭിപ്രായം തേടണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
എങ്ങള മേച്ചേരി സ്കൂൾ തുറന്നത് താ…. വിദ്യാഭ്യാസ പ്രതിസന്ധിയിൽ പോരാട്ടം ശക്തമാകുന്നു
