അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ഹട്ടുകൾ. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ഇന്നോ നാളെയോ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു ഈ ഹട്ടുകൾ. എന്നാൽ, ഇന്നലെ രാത്രി വൈകിയുണ്ടായ തീപിടിത്തത്തിൽ ഹട്ടുകൾ പൂർണ്ണമായും കത്തിയമരുകയായിരുന്നു. ഏകദേശം പാതിരാത്രി ആവണം തീ പടർന്നു പിടിച്ചത്. ഓല മേഞ്ഞതും താൽക്കാലിക സ്വഭാവമുള്ളതുമായ നിർമ്മിതികളായതിനാൽ തീ അതിവേഗം പടർന്നു പിടിക്കാൻ കാരണമായി. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഹട്ടുകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.
ടൂറിസം രംഗത്ത് വലിയ സാധ്യതകളുള്ള അഗത്തി ദ്വീപിൽ, പുതിയ സംരംഭം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ ഈ അപകടം നിക്ഷേപകന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഹട്ടുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം അഗത്തി സ്വദേശിയുടേതായിരുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു
