കവരത്തി: തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള–കർണാടക തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ 5.30നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തുടർന്ന് അതേ പ്രദേശത്ത് നിലനിന്നുകൊണ്ട് രാവിലെ 8.30ഓടെ ഇത് വ്യക്തമായ ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടു. അടുത്ത 36 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിയായി ദുർബലമായ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റും ഇടിയോടുകൂടിയ ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
18നും 19നും ലക്ഷദ്വീപിൽ ഒറ്റപ്പെട്ടിടങ്ങളിൽ കനത്തതോ അതി കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ ശക്തി നേടാനും സാധ്യതയുണ്ട്. 19 മുതൽ 22 വരെ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ എത്താനിടയുണ്ടെന്ന് മുന്നറിയിപ്പ്.
ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കാൻ അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളെ മുൻകരുതലുകൾ സ്വീകരിക്കാൻ അറിയിച്ചിട്ടുണ്ട്.
അറബിക്കടലിൽ ന്യൂനമർദ്ദം: ലക്ഷദ്വീപ് പ്രദേശത്ത് ഓറഞ്ച് അലർട്ട്
