അമിനി സ്റ്റേഡിയം പദ്ധതി പൂർത്തീകരിക്കണമെന്ന് ആവിശ്യം; നിവേദനം സമർപ്പിച്ച് ആർ.എസ്.സി സെക്രട്ടറി

അമിനി:അമിനിയിൽ സന്ദർശനം നടത്തിയ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്. ബി. ദീപക് കുമാർ, ഐ.എ.എസ്നെ കണ്ട് അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയം പദ്ധതിയുടെ പൂർത്തീകരണത്തിന് അടിയന്തര നടപടി ആവശ്യമാണ് എന്നാവശ്യപ്പെട്ട് അമിനി റീജിയണൽ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ശിഹാബ് മമ്പുറം നിവേദനം സമർപ്പിച്ചു.

പദ്ധതിക്ക് വർഷങ്ങൾക്ക് മുൻപേ അടിത്തറയിട്ടിട്ടും വലിയ പുരോഗതിയുണ്ടായിട്ടില്ല. 400 മീറ്റർ സെന്തറ്റിക് ട്രാക്ക്, ഗാലറിയോടുകൂടിയ സ്റ്റേഡിയം, താമസ സൗകര്യങ്ങൾ, സംരക്ഷണ മതിൽ എന്നിവ അടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ നിർമ്മിക്കേണ്ടതുണ്ട്. ലക്ഷദ്വീപിൽ കായിക വികസനത്തിനായി ഏറ്റവും അനുയോജ്യമായ ഭൂമി ഉളള സ്ഥലം അമിനിയിലാണ്. ഇത് മാതൃകാ മൈതാനമായി വികസിപ്പിക്കാനുള്ള സാധ്യതയുള്ള ഏകപ്രദേശം കൂടിയാണെന്ന് നിവേദനത്തിൽ പറയുന്നു.

ലക്ഷദ്വീപിലെ കായിക പ്രേമികൾക്കും യുവാക്കൾക്കും വളരെ വലിയ പ്രതീക്ഷയുള്ള സ്വപ്നപദ്ധതിയാണ് ഇത്. ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാൻ ഇടപെടൽ അഭ്യർത്ഥിക്കുന്നു എന്ന് ആർ.എസ്.സി സെക്രട്ടറി ശിഹാബ് മമ്പുറം കൂട്ടിച്ചേർത്തു.