അപകടാവസ്ഥയിലുള്ള തെങ്ങുകൾ നീക്കം ചെയ്യാൻ നിർദേശം

കവരത്തി: അമിനി ദ്വീപിലെ പൊതു വഴികളിൽ അപകടകരമായി ചായുന്ന തെങ്ങുകൾ ഉടൻ നീക്കം ചെയ്യാൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. തെങ്ങുകൾ അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്നാണ് കലക്ടറേറ്റ്‌ (റവന്യൂ വകുപ്പ്) അടിയന്തരമായി നടപടി സ്വീകരിച്ചത്.

അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര IAS പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം പ്രകാരം, അമിനി ഡെപ്യൂട്ടി കളക്ടർ അപകടാവസ്ഥയിലുള്ള തെങ്ങുകൾ തിരിച്ചറിയാനും അവ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചായിരിക്കും നീക്കം ചെയ്യൽ നടപടി. കൂടാതെ 2023 ഓഗസ്റ്റ് 17-ന് പുറപ്പെടുവിച്ച പൊതുജന അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നുമാണ് നിർദേശം.

നടപടികളുടെ പുരോഗതി റിപ്പോർട്ട് കവരത്തി കലക്ടറേറ്റിലേക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി. ഈ നിർദ്ദേശം ‘അത്യാവശ്യമായത്’ എന്ന നിലയിൽ പരിഗണിച്ച് ഉടൻ നടപടിയെടുക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നു.