അഡ്മിനിസ്റ്റേറ്റർമാർക്കും ലഫ്റ്റനൻ്റ് ഗവർണർമാർക്കും100 കോടി രൂപ വരെ പദ്ധതികൾക്ക് അംഗീകാരം നൽകാം

ശ്രീനഗർ: നിയമസഭകളില്ലാത്ത ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലെഫ്റ്റനന്റ് ഗവർണർമാർക്കും (എൽജി) 100 കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് വിലയിരുത്തലും അംഗീകാരവും നൽകാനുള്ള സാമ്പത്തിക അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുനഃസ്ഥാപിച്ചു. ഡെലിഗേഷൻ ഓഫ് ഫിനാൻഷ്യൽ പവേഴ്‌സ് റൂൾസ് (DFPRs) 2024 പ്രകാരമാണ് ഈ തീരുമാനം.

ആൻഡമാൻ–നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഢ്, ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും എൽജിമാർക്കും, ചില നിബന്ധനകൾക്ക് വിധേയമായി, 100 കോടി രൂപ വരെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം കൈമാറുന്നതായി എംഎച്ച്എയുടെ അണ്ടർ സെക്രട്ടറി ലെൻഡപ്പ് ഷെർപ്പ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

ഉത്തരവ് പ്രകാരം, മതിയായ ബജറ്റ് വ്യവസ്ഥകൾ ലഭ്യമാണെന്നു ഉറപ്പാക്കിയ ശേഷവും ബന്ധപ്പെട്ട കേന്ദ്രഭരണ പ്രദേശത്തിന്റെ ധനകാര്യ സെക്രട്ടറി അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാവുമായി കൂടിയാലോചിച്ചുമാത്രമേ അഡ്മിനിസ്ട്രേറ്റർമാരോ എൽജിമാരോ ഈ അധികാരം വിനിയോഗിക്കാവൂ. അനുവദിച്ചിരിക്കുന്ന അധികാരങ്ങൾ മറ്റൊരാളിലേക്ക് വീണ്ടും കൈമാറാൻ പാടില്ലെന്നും എംഎച്ച്എ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അധികാരപ്രകാരം അംഗീകരിക്കുന്ന എല്ലാ പദ്ധതികളുടെയും വിശദാംശങ്ങൾ ത്രൈമാസ അടിസ്ഥാനത്തിൽ — ജൂലൈ, ഒക്ടോബർ, ജനുവരി, ഏപ്രിൽ മാസങ്ങളിൽ — എംഎച്ച്എ മുഖേന ധനകാര്യ മന്ത്രാലയത്തിലെ ചെലവ് വകുപ്പിന് സമർപ്പിക്കണം.

അതേസമയം, തത്വപരമായ അംഗീകാരത്തിൽ നിന്ന് അന്തിമ അംഗീകാരം വരെ വരുന്ന ചെലവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അധികാരങ്ങൾ DFPRs 2024 ലെ ചട്ടം 16 പ്രകാരം തുടരുമെന്നും, നിലവിലുള്ള ധനകാര്യ മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലഡാക്ക് എൽജിക്ക് സാമ്പത്തിക അധികാരങ്ങൾ പുനഃസ്ഥാപിക്കുന്ന പുതിയ ഉത്തരവ്, 2025 സെപ്റ്റംബർ 19 ന് പുറപ്പെടുവിച്ച മുൻ ഉത്തരവിന് പകരമായാണ് പുറത്തിറക്കിയത്. ധനകാര്യ മന്ത്രാലയത്തിലെ ചെലവ് വകുപ്പിന്റെ അംഗീകാരം ഇതിനുണ്ടെന്നും എംഎച്ച്എ അറിയിച്ചു.

മുന്‍പ് ലഡാക്ക് എൽജിക്ക് അനുവദിച്ചിരുന്ന 100 കോടി രൂപ വരെ പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം കേന്ദ്രം പിൻവലിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിക്ഷിപ്തമാക്കിയിരുന്നു. ഇപ്പോഴത്തെ തീരുമാനം കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണനടപടികൾ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.