കവരത്തി: ബംഗാരം, തിണ്ണക്കര ദ്വീപുകളിലേക്ക് സർവീസ് നടത്തിയ ബോട്ടുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അന്യായമായി പിടിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. ജനപ്രതിനിധിയുടെ മൗനാനുവാദത്തോടെ നടപ്പാക്കുന്ന ഇത്തരം നടപടികൾ ദ്വീപുവാസികളുടെ സ്വൈര്യജീവിതത്തിനും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറിച്ചു.
സ്വന്തം മണ്ണിൽ അന്യരാക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് ലക്ഷദ്വീപ് ജനത നേരിടുന്നതെന്നും, പിറന്ന മണ്ണിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഫൈസൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് എൻ.സി.പി (എസ്.പി), എൻ.വൈ.സി സംഘടനകൾ സംയുക്തമായി അഗത്തിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് തന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മണ്ണും മാനാഭിമാനവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ അവസാന ശ്വാസം വരെ ദ്വീപ് ജനതയോടൊപ്പം നിലകൊള്ളുമെന്ന് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായ ജനാധിപത്യ സമരങ്ങൾ തുടരണമെന്നും ഫൈസൽ ആഹ്വാനം ചെയ്തു.
അഗത്തിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.പി. മുഹമ്മദ് ഫൈസൽ
