സിക്കിം: സിക്കിമിലെ ചാറ്റെനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്നു. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആറ് പേർ ഇപ്പോഴും കാണാതായിരിക്കുകയാണ്. കാണാതായവരിൽ ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ പടിപ്പുരക്കാട് സൈനുദ്ദീനും ഉൾപ്പെടുന്നു.
ഞായറാഴ്ച (2025 ജൂൺ 1) രാത്രി ഏഴുമണിയോടെ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാല് പേർക്ക് നിസ്സാര പരിക്കുകളാണ് വന്നത്.
കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കി തുടരുകയാണ്. പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൈനുദ്ദീൻ അടുത്തിടെ സിക്കിമിലേക്ക് സ്ഥലംമാറിയതായിരുന്നു. ഈ ദു:ഖകരമായ സംഭവത്തിൽ അദ്ദേഹത്തിനായുള്ള പ്രാർത്ഥനയിലാണ് ലക്ഷദ്വീപ് സമൂഹം. ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദ് സൈനുദ്ദീന്റെ ബന്ധുക്കളുമായി നേരിട്ട് ബന്ധപ്പെട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഈ കഠിനസമയത്തിൽ സൈനുദ്ദീന്റെ മാതാപിതാക്കളെ സുരക്ഷിതമായി കോഴിക്കോട് നിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ എം.പി.യുടെ ഓഫീസ് സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്.
സിക്കിമിലെ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്നു; കാണാതായവരിൽ ആന്ത്രോത്ത് സ്വദേശിയും
