കിൽത്താൻ: ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ഇന്ന് കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു.
എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്) അധ്യക്ഷനായിരുന്നു. സ്പോർട്സ് ഓർഗനൈസർ ഷെർഷാദ് എസ്. (എസ്.വൈ.എ, യു.ടി.എൽ), അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസർ മുഹമ്മദ് സലീം പി, പ്രിൻസിപ്പൽ, ടീം മാനേജർമാർ, കായികതാരങ്ങൾ, ദ്വീപ് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ദ്വീപിൻ്റെ പൈതൃകവും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളും വിവിധ ഗെയിമുകൾ ഉൾപ്പെടുത്തിയ ആകർഷകമായ മാർച്ച് പാസ്റ്റ് ചടങ്ങിന് നിറം പകർന്നു. വിവിധ ദ്വീപുകളിൽ നിന്നെത്തിയ കായികതാരങ്ങൾ തങ്ങളുടെ ടീമുകളുടെ പതാക ഉയർത്തി അഭിമാനമായി അണിനിരന്നു.
ഉദ്ഘാടന ചടങ്ങിനുശേഷം വോളിബോൾ, ബാഡ്മിൻ്റൺ ഉൾപ്പെടെ നിരവധി ഇനങ്ങളിലായി മത്സരങ്ങൾക്ക് തുടക്കമായി. വരുന്ന ദിവസങ്ങളിൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ തുടരും.
ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് വർണ്ണാഭമായ തുടക്കം
