ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വിളംബര ജാഥ സംഘടിപ്പിച്ചു

കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ ആവേശം കിൽത്താനിൽ നിറഞ്ഞൊഴുകി. പരിപാടിയുടെ ഭാഗമായുള്ള വിളംബര ജാഥ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ടി.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

ദ്വീപിന്റെ പ്രധാന വഴികളിലൂടെ നടത്തിയ ഈ ജനകീയ ജാഥയിൽ കിൽത്താൻ ദ്വീപിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾ, അധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങി വൻ ജനാവലി പങ്കെടുത്തു. വർഷങ്ങളായുള്ള പ്രതീക്ഷകളും ആവേശവുമൊത്ത് ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കം കിൽത്താനിലെത്തുന്നതോടെ ദ്വീപ് ഉത്സവഭാവത്തിൽ മുങ്ങി.

പഞ്ചായത്ത് സ്റ്റേജ് പരിസരത്തിൽ നിന്നും വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ജാഥ സ്കൂൾ കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയായിരുന്നു. നാടിന്റെ കലാ-കായിക-സാംസ്കാരിക പ്രതിഭകളെ ഒരുമിപ്പിച്ച ഈ വിളംബര ജാഥ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ഉജ്ജ്വലമായ തുടക്കമാക്കി. ഓർഗനൈസിംഗ് കമ്മിറ്റി  മുഖ്യാതിഥികളെ, വിദ്യാർത്ഥികളെ, രക്ഷിതാക്കളെ, സാമൂഹിക പ്രവർത്തകരെ, ഉദ്യോഗസ്ഥരെ, സന്നദ്ധ സംഘടനകളെ, നാട്ടുകാരെ എല്ലാം ഈ മഹോത്സവത്തിന്റെ ഭാഗമായി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.