ലക്ഷദ്വീപ് സാഹിത്യോത്സവ്: സെപ്റ്റംബർ 22ന് അരങ്ങുണരും

ചെത്ത്ലാത്ത്: എസ്.എസ്.എഫ്. ലക്ഷദ്വീപ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് 2025 സെപ്റ്റംബർ 22 മുതൽ 28 വരെ ചെത്ത്ലാത്ത് ദ്വീപിൽ നടക്കും. “അതിജീവനത്തിന്റെ വേരും വാക്കും” എന്ന പ്രമേയവുമായി നടക്കുന്ന ഈ വേദിയിൽ വിവിധ സാംസ്‌കാരിക-സാഹിത്യ പരിപാടികൾ അരങ്ങേറും. വിവിധയിനം മത്സരയിനങ്ങളിലായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ സാഹിത്യോത്സവിൽ പങ്കെടുക്കും.

എസ്.വൈ.എസ്. ലക്ഷദ്വീപ് ജില്ലാ പ്രസിഡന്റ് സയ്യിദ് സഫീർ ഹുസൈൻ ജീലാനി സാഹിത്യോത്സവിന് ആത്മീയ നേതൃത്വം നൽകും. പ്രമുഖ സാഹിത്യകാരൻ എം. ഐ. ഹസക്കോയ ഹാജി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥികളായി ലക്ഷദ്വീപ് എംപി അഡ്വ. മുഹമ്മദ് ഹംദുളള സയീദ്, ലക്ഷദ്വീപ് മുൻ എംപി പി. പി. മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുക്കും.
സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് നിറഞ്ഞു നിൽക്കുന്ന സാഹിത്യോത്സവ് ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കും സാഹിത്യ പ്രേമികൾക്കും വലിയൊരു ആഘോഷമായി മാറും.