കൊച്ചി: ലക്ഷദ്വീപിൽ ഹൃദയാഘാതം സംഭവിച്ച
55 വയസ്സുകാരനെ അടിയന്തിര ചികിത്സയ്ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിലെത്തിച്ചു. അഗത്തിയിൽ നിന്ന് കോസ്റ്റ് ഗാർഡിൻ്റെ ഡോർണിയർ വിമാനത്തിലാണ് രോഗിയെ അതീവ വേഗതയിൽ മെഡിക്കൽ ഇവാക്വേഷൻ വഴി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
തിങ്കളാഴ്ച സന്ധ്യയോടെയാണ് രോഗിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ കൊച്ചിയിലേക്ക് മാറ്റേണ്ട സാഹചര്യം വന്നതോടെ കോസ്റ്റ് ഗാർഡ് രംഗത്തിറങ്ങുകയായിരുന്നു.
രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും അടിയന്തിര സാഹചര്യവും പരിഗണിച്ച് ഹെലികോപ്റ്ററിന് പകരം വേഗതയേറിയ ഡോർണിയർ വിമാനം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിമാനത്തിനുള്ളിൽ തന്നെ മൊബൈൽ ഇന്റൻസീവ് കെയർ യൂണിറ്റ് സജ്ജീകരിച്ചിരുന്നു. ഈ മാസത്തിൽ കോസ്റ്റ് ഗാർഡ് നടത്തുന്ന രണ്ടാമത്തെ മെഡിക്കൽ ഇവാക്വേഷൻ ദൗത്യമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഗത്തിയിൽ നിന്ന് ഇത്തരത്തിൽ കോസ്റ്റ് ഗാർഡ് നടത്തുന്ന നാലാമത്തെ രാത്രികാല ദൗത്യമാണിതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കൊച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി നിരീക്ഷണത്തിലാണ്.
