കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷി വിഭാഗം യാത്രക്കാർ കപ്പൽ ടിക്കറ്റ് ബുക്കിംഗിൽ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് അഡ്വ. ഹംദുള്ള സഈദ് എംപി ആവശ്യപ്പെട്ടു. ഐആർസിടിസി ഓൺലൈൻ കപ്പൽ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വന്നതോടെ ഭിന്നശേഷി വ്യക്തികൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇടപെടൽ.
മുന്പ് ഭിന്നശേഷി വ്യക്തികൾക്കും അവരുടെ എസ്കോർട്ടുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ടിക്കറ്റ് കൗണ്ടറുകൾ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ കൗണ്ടർ വഴി ടിക്കറ്റ് നൽകുന്നത് നിർത്തലാക്കിയതിനെ തുടർന്ന് നിരവധി ഭിന്നശേഷി യാത്രക്കാർക്ക് യാത്ര തന്നെ അസാധ്യമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ശാരീരിക പരിമിതികൾ, ഡിജിറ്റൽ സാക്ഷരതയുടെ കുറവ്, ആവശ്യമായ സഹായം ലഭ്യമല്ലാത്തത് തുടങ്ങിയ കാരണങ്ങളാൽ വലിയൊരു വിഭാഗം ഭിന്നശേഷി വ്യക്തികൾക്ക് ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് എംപി ചൂണ്ടിക്കാട്ടി. കൂടാതെ, ഭിന്നശേഷി യാത്രക്കാരനും എസ്കോർട്ടിനും ഒരുമിച്ച് ടിക്കറ്റ് ഉറപ്പാക്കുന്നതും ഓൺലൈൻ സംവിധാനത്തിൽ അതീവ ദുഷ്കരമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, ഭിന്നശേഷി വ്യക്തികൾക്കുള്ള ക്വാട്ട ടിക്കറ്റുകൾ വീണ്ടും കൗണ്ടർ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ, ഉറപ്പായ സഹായത്തോടെ പ്രത്യേക ലളിത സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ഭിന്നശേഷി യാത്രക്കാർക്ക് തടസ്സരഹിതവും ഉൾക്കൊള്ളുന്നതുമായ കപ്പൽ യാത്ര ഉറപ്പാക്കണമെന്നും അഡ്വ. ഹംദുള്ള സഈദ് എംപി ആവശ്യപ്പെട്ടു.
