കടമത്ത്: ഭിന്നശേഷിക്കാർക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാലാമത് ദ്വീപുതല “സ്മാർട്ട് ഫെസ്റ്റ് – 2025” കടമത്ത് ദ്വീപിൽ ഒക്ടോബർ 26, 28 തീയതികളിൽ വിപുലമായ രീതിയിൽ നടന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സമൂഹത്തിൽ അവരെ സജീവമായി ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ സ്വാഗതപ്രസംഗം നടത്തി ശ്രീ ടി. അബ്ദുൽ ജബ്ബാർ (സൂപ്രണ്ട്, BDO ഓഫീസ്, കടമത്ത്). തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി എ.എം. കദീശബി ഔപചാരികമായി ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. അബ്ദുൽ റഹ്മാൻ (മെഡിക്കൽ ഓഫീസർ), ശ്രീ കമാലുദ്ധീൻ (പ്രിൻസിപ്പൽ, GJNSSS), ശ്രീ ഹുസൈൻ കെ.എം. (മുൻ പ്രസിഡന്റ്, LDWA കടമത്ത് യൂണിറ്റ്), ശ്രീമതി ബീഫത്തു മ്മാബി (ഡേ കെയർ ടീച്ചർ), ശ്രീ അക്ബർ (LDWA ഭാരവാഹി) എന്നിവർ പ്രസംഗിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും മോട്ടിവേഷൻ സ്പീക്കറും ആയ അലിയുൽ ഷെയ്ഖ് ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കുമായി പ്രചോദനാത്മകമായ ഒരു സെഷനും നടത്തി. ചടങ്ങിന്റെ നന്ദിപ്രസംഗം നടത്തി ശ്രീ സി.കെ. ബദറുദ്ദീൻ (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, കടമത്ത്).
ഭിന്നശേഷിക്കാർക്കായി വിവിധ സ്പോർട്സ് മത്സരങ്ങൾ, ആർട്ട് & ഡ്രോയിംഗ് മത്സരങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ എന്നിവ നടന്നു. പങ്കെടുത്തവർ അവരുടെ കഴിവുകൾ അത്ഭുതകരമായ രീതിയിൽ അവതരിപ്പിച്ചതോടെ പ്രേക്ഷകർ ആവേശത്തിലും അഭിമാനത്തിലും നിറഞ്ഞു. മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എ.എം. കദീശബി. രണ്ടാം ദിനം ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടി പിക്നിക് പരിപാടിയും വൈകുന്നേരത്തിൽ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഒരുക്കിയവർക്കും റിസോർട്ട് സൗകര്യം നൽകിയവർക്കും നന്ദി രേഖപ്പെടുത്തി ശ്രീ അക്ബർ (LDWA ഭാരവാഹി). പരിപാടിയുടെ എല്ലാ ഘട്ടങ്ങളും കൃത്യമായി മോണിറ്റർ ചെയ്ത ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.
“സ്മാർട്ട് ഫെസ്റ്റ് – 2025” ഭിന്നശേഷിക്കാർക്ക് പ്രതിഭ തെളിയിക്കാനും സമൂഹത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായകമായ വേദിയായിത്തീർന്നുവെന്ന് LDWA ജോയിന്റ് സെക്രട്ടറി കടമത്ത് യൂണിറ്റ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുമ്പോൾ ഭിന്നശേഷിക്കാർക്കും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ തെളിയിക്കാനാകുമെന്ന് ഈ ഉത്സവം തെളിയിച്ചു.
ഭിന്നശേഷിക്കാർക്കായി സ്മാർട്ട് ഫെസ്റ്റ് – 2025 കടമത്തിൽ
