കിൽത്താൻ: കിൽത്താൻ ദ്വീപ് മർച്ചൻ്റ് അസോസിയേഷൻ സംഘടിപ്പിച്ച വ്യാപാരികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം ബാർജിലൂടെ എത്തേണ്ടതായിരുന്ന 100 ൽ അധികം കെട്ടുകൾ, ഷിപ്പിംഗ് ബിൽ ഉണ്ടായിരിക്കെ തന്നെ കേറ്റാതെ കൊച്ചിയിൽ നിന്നും പുറപ്പെട്ടതിനെതിരെ വ്യാപാരികൾ കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
പെരുന്നാളിന് മുമ്പുള്ള ഏക ബാർജ് പ്രോഗ്രാമിൽ പോലും കിൽത്താനിലേക്ക് നേരിട്ട് എത്തുന്ന അവസരത്തിൽ പോലും പച്ചക്കറികളടക്കം വ്യാപാര സാധനങ്ങൾ പോർട്ട് അധികൃതർ എടുത്തില്ലെന്നും, ഇതിൽ ഗൗരവപ്പെട്ട അനാസ്ഥയുണ്ടായെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ബാർജ് കിൽത്താനിൽ എത്തിയപ്പോൾ ആദ്യ പോർട്ട് ആയിട്ടും കിൽത്താനിലേക്കുള്ള സാധനങ്ങൾ അടിയിൽ പെട്ടതായി കണ്ടതായി വ്യാപാരികൾ ആരോപിച്ചു. പാവപ്പെട്ട കയറ്റിറക്ക് തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായതിനാൽ സാധനങ്ങൾക്ക് കേടുപാടുകളും ഉണ്ടായതായി അവർ പറഞ്ഞു. അതിൽതുടർന്ന്, മുഴുവൻ സാധനങ്ങൾ ഇറക്കിക്കഴിഞ്ഞില്ലെന്ന് അറിയിച്ചിട്ടും ബാർജ് അടുത്ത പോർട്ടിലേക്ക് പോയതിൽ വ്യാപാരികൾ രോഷം രേഖപ്പെടുത്തി. പെരുന്നാളിന് മുൻപായി ഇറക്കേണ്ടത് ലക്ഷ്യമിട്ട് ഷിപ്പിംഗ് ബിൽ എടുത്ത സാധനങ്ങൾ മറ്റു ദ്വീപുകളിൽ ഇറക്കി നഷ്ടപ്പെടുമ്പോൾ അതിന് ഉത്തരവാദിത്വം ആരുടേതാകുമെന്ന് അവർ ചോദിച്ചു.
തുടർച്ചയായി നമ്മുടെ കച്ചവടക്കാർക്കു നേരിടേണ്ടി വരുന്ന ഈ നഷ്ടങ്ങൾക്ക് ആരും ഉത്തരവാദികളാകാൻ തയ്യാറാകുന്നില്ല എന്ന് മെർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് ടി.പി. കുഞ്ഞിസീദികോയ പറഞ്ഞു. പോർട്ട് വകുപ്പിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് മർച്ചൻ്റ് അസോസിയേഷൻ തയാറാകുന്നതെന്ന് യോഗം വ്യക്തമാക്കി. ഷിപ്പിംഗ് ബിൽ മുതൽ അൺലോഡിങ് വരെയുള്ള ഓരോ ഘട്ടത്തിലും നടക്കുന്ന അനീതികൾക്കെതിരെ നടപടി സ്വീകരിക്കാൻ യോഗത്തിലെ തീരുമാനം.
