പരിമിതികളെ ചുവടുറപ്പിലാക്കി അമിനിയിലെ ‘യൂണിക് ബീറ്റ്സ്’; കവരത്തിയിൽ വിസ്മയ പ്രകടനം

കവരത്തി: ശാരീരിക വെല്ലുവിളികളെ ആത്മവീര്യം കൊണ്ട് അതിജീവിച്ച് അമിനി ദ്വീപിലെ ഭിന്നശേഷി കലാകാരന്മാർ കവരത്തിയിൽ വിസ്മയം തീർത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കവരത്തി വി.ഐ.പി പഞ്ചായത്ത് വേദിയിൽ നടന്ന ചടങ്ങിലാണ് ‘പൊൻമേനി യൂണിക് ബീറ്റ്സ്’ (P U B) എന്ന കലാവേദിയിലെ 12 അംഗ സംഘം തങ്ങളുടെ പ്രകടനം കാഴ്ചവെച്ചത്.


ആഘോഷങ്ങളുടെ പടിവാതിൽക്കൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ നേരിട്ടെങ്കിലും, അത് വകവെക്കാതെ ടീമിനെ നയിച്ച അജ്മലിന്റെയും സഹപ്രവർത്തകൻ ശഅ്ബാൻ കുഞ്ഞിക്കാക്കയുടെയും പ്രകടനം സദസ്സിനെ ആവേശത്തിലാഴ്ത്തി. കഠിനമായ ചുവടുകൾ താളത്തിനൊത്ത് അവതരിപ്പിച്ച കലാകാരന്മാരെ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് കാണികൾ വരവേറ്റത്.


കഴിഞ്ഞ മൂന്ന് മാസമായി പരിശീലകൻ മുഹമ്മദ് അലി ഇയ്യക്കോയ നൽകിയ കഠിന പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിൽ. പരിശീലനത്തിൽ അബ്ദുൽ മാലിക്കും അബൂബക്കർ ആറ്റെറ്റയും ഇദ്ദേഹത്തെ സഹായിച്ചു. കല്പേനിയിലെ കെ.ബി.സി.സി (KBCC) ക്ലബ്ബ് നൽകിയ വാദ്യോപകരണങ്ങളും പരിശീലനത്തിന് സഹായകമായി.
യൂണിറ്റ് ഭാരവാഹികളായ ജസീന, എച്ച്.എം ഷൗക്കത്ത് അലി, ഭരണനേതൃത്വത്തിലെ ബർക്കത്തുള്ള, ഉമർ ഫാറൂഖ്, അമിനി യൂണിറ്റ് പ്രസിഡന്റ് എ.സി ഷാബൻ എന്നിവർ സംഘത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കി.
ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വേദി ഒരുക്കിയ ലക്ഷദ്വീപ് ആർട്ട് ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടു. പരിമിതികൾ മനസ്സിനല്ലെന്ന് തെളിയിക്കുന്നതായിരുന്നു അമിനിയിലെ ഈ പോരാളികളുടെ ചുവടുകളെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.