കവരത്തി: കവരത്തി ദ്വീപിലെ ദ്വീപ്‌ശ്രീ കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ (CBO) ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സ്റ്റേറ്റ് റൂറൽ ലൈവ് ലി ഹുഡ്‌സ് മിഷൻ (LSRLM) ഡയറക്ടർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, നെയ്ബർഹുഡ് ഗ്രൂപ്പുകൾ (NHG), ഏരിയ ലെവൽ ഫെഡറേഷൻ (ALF), ഐലൻഡ് ലെവൽ ഫെഡറേഷൻ (ILF) എന്നീ മൂന്ന് തലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക .
തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടികയും ജനുവരി 20ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജനുവരി 21ന് നെയ്ബർഹുഡ് ഗ്രൂപ്പുകളുടെ ആദ്യ ഘട്ട യോഗങ്ങളും പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ഏരിയ ലെവൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് ജനുവരി 23ന് വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. ഐലൻഡ് ലെവൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് ജനുവരി 24നും 25നും നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികൾ ജനുവരി 26ന് ചുമതലയേൽക്കും.
ദ്വീപ്‌ശ്രീ ബൈലോസും പ്രത്യേക തിരഞ്ഞെടുപ്പ് ചട്ടങ്ങളും കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ, പ്രചാരണ ഫ്ലക്സ്, പോസ്റ്ററുകൾ, ലൗഡ്‌സ്‌പീക്കർ പ്രചാരണം, സമ്മാനവിതരണം തുടങ്ങിയവ കർശനമായി നിരോധിച്ചിട്ടുണ്ട്. എല്ലാ സ്ഥാനാർത്ഥികളും നൈതിക ചട്ടങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട് .
ദ്വീപ്‌ശ്രീയിലെ എല്ലാ അംഗങ്ങളും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായതിനാൽ, ഐലൻഡ് ലെവൽ ഫെഡറേഷൻ ചെയർപേഴ്സൺ സ്ഥാനം പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമനിലയിൽ അവസാനിക്കുന്ന പക്ഷം, ലോട്ടറി രീതിയിലൂടെയോ പുനർവോട്ടെടുപ്പിലൂടെയോ ഫലം നിർണയിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പരാതികൾ ഉണ്ടെങ്കിൽ രേഖാമൂലം ചാർജ് ഓഫീസറെ സമീപിക്കാവുന്നതാണെന്നും, അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം LSRLM മിഷൻ ഡയറക്ടർക്കായിരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
