ടിക്കറ്റ് റിലീസിങ്ങിൽ ക്രമക്കേട്; ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ പരാതി നൽകി

ചെത്ത്ലാത്ത്: കപ്പലിന്റെ ടിക്കറ്റ് വിതരണം സംബന്ധിച്ച് ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ രംഗത്തെത്തി. മറ്റന്നാൾ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എംവി കൊറൽസ് കപ്പലിന്റെ 20%  ടിക്കറ്റ് റിലീസിങ്ങിൽ സംഭവിച്ച അപാകതകൾക്കെതിരെ യൂണിയൻ ഭാരവാഹികൾ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.

റിലീസ് സമയത്ത് ബുക്കിംഗ് സിസ്റ്റത്തിൽ 42 ബങ്ക് ക്ലാസ് ടിക്കറ്റുകൾ ലഭ്യമാണെന്ന് പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ടിക്കറ്റുകളുടെ എണ്ണം ക്രമമായി 32, 21 എന്നിങ്ങനെയും, അവസാനം 17 എന്ന നിലയിലുമാണ് കാണിച്ചത്. പക്ഷേ വോയെജ് ബ്ലോക്ക് ചെയ്തതായി സിസ്റ്റത്തിൽ കാണിക്കുകയും, ടിക്കറ്റ് അടിക്കാൻ സാധിക്കാതിരുന്നുവെന്നും, ഒടുവിൽ വെറും 17 ടിക്കറ്റുകൾ മാത്രമേ ലഭ്യമായിരുന്നുള്ളുവെന്നും മർച്ചന്റ് യൂണിയൻ പ്രസിഡന്റ് അബ്ദുൽ റഹീം വ്യക്തമാക്കി.

ഇത് ടിക്കറ്റുകളുടെ ഓൺലൈൻ റിലീസിനിടയിൽ സുതാര്യതയില്ലായ്മയും ക്രമക്കേടും ഉണ്ടാകുന്നു എന്നതിന് തെളിവാണ് എന്നും, ഈ രീതിയിലുള്ള നടപടികൾ പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാകുമെന്നും മർച്ചന്റ് യൂണിയൻ പറഞ്ഞു.

എംവി കൊറൽസ് ടിക്കറ്റുകളുടെ വിതരണത്തിൽ നടന്നതായിരിക്കാം എന്നു കരുതുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്, ബന്ധപ്പെട്ട അധികൃതരോട് മർച്ചന്റ് യൂണിയൻ പരാതി നൽകിയതായി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും, തങ്ങളുടെ പരാതി എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും നൽകിയതായും ഭാരവാഹികൾ ദ്വീപ് ഡയറിയോട് വ്യക്തമാക്കി.