ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; ജാമ്യപേക്ഷ കോടതി തള്ളി

കവരത്തി: ലക്ഷദ്വീപ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ കവരത്തിയിൽ വെച്ച്  അറസ്റ്റിലായിരുന്നു. ഇവർ നൽകിയ ജാമ്യപേക്ഷ കവരത്തി കോടതിയിൽ തള്ളിയതായി റിപ്പോർട്ടുകളുണ്ട്.  ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്നതായിരുന്നു കുറ്റം.

ഇത് ചെറിയ കേസല്ലെന്നും ഇതിനുപിറകെ ഒരു വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും നിരവധി പേർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കവരത്തി പോലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 66 (D), BNS (ഇന്ത്യൻ ശിക്ഷാ നിയമം) 112, 318(4), 319(2) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധിക വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച്, അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.