ഗോത്രവിഭാഗത്തോടുള്ള മൗലിക അവകാശ ലംഘനം അവസാനിപ്പിക്കുക – മുഹമ്മദ് ഷാഫി ഖുറൈശി

ഞങ്ങൾ ലക്ഷദ്വീപുകാർ ഇന്ത്യയിലെ ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ഗോത്രവിഭാഗ ജനങ്ങൾ വർഷങ്ങളായി സമാനതകൾ ഇല്ലാത്ത യാത്ര നിഷേധം നേരിടുന്നു.
ഞങ്ങൾ കടലിലാണ് ജീവിക്കുന്നത്, ദ്വീപിലേക്കുള്ള ഉപ്പ് മുതലുള്ള ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ എന്നുവേണ്ട ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ സകലതും കരയിൽ നിന്ന് കപ്പലേറി വേണം ലക്ഷദ്വീപിൽ എത്താൻ.

നാല് വർഷം മുമ്പ് വരെ

  1. ലക്ഷദ്വീപ് സീ 250
  2. അറേബ്യൻ സീ 250
  3. എംവി കോറൽസ് 420
  4. എംവി ലഗുൺ 420
  5. എംവി കവരത്തി 750
  6. എംവി അമിനി 150
  7. എംവി മിനിക്കോയ് 150

എന്നീ 7 കപ്പലുകളാണ് ദിനേന 11 ദ്വീപുകളിലേക്കായി സർവ്വീസ് നടത്തിയിരുന്നത്. 2390 X 2 = 4780 ആളുകൾ സദാ യാത്ര ചെയ്തുകൊണ്ടിരുന്ന സ്ഥാനത്ത് കേവലം 420 യാത്രക്കാരെ മാത്രം ഉൾകൊള്ളുന്ന എം. വി. കോറൽസ് മാത്രമാണ് ഇന്ന് സർവ്വീസ് നടത്തുന്നത്. ഒമ്പത് മാസത്തോളമായി മുംബൈയിൽ കൊണ്ടുപോയി കോടികൾ ചെലവഴിച്ച് കേട് പാടുകൾ പരിഹരിച്ച് പുറത്തിറക്കിയ എം. വി. കവരത്തി ഓടിത്തുടങ്ങി ദിവസങ്ങൾക്കകം തകരാറിലായത് ഗുരുതരമായ പ്രശ്നമാണ്. കപ്പലുകൾ എല്ലാം പണി തീരാ പണിശാലകളിലാണ്. പണി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഇൻഷ്വറൻസ് തീരും, അലെങ്കിൽ ഫിറ്റ്നസിൻ്റെ കാലാവധി കഴിയും.പിന്നെ ഒന്നും തിരുമാനമാവാതെ കപ്പലുകൾ ഷിപ്പ്യാർഡിൽ തുരുമ്പെടുത്തു നശിക്കും. അതിൻ്റെ ഫയലുകൾ വിവിധ ഓഫീസുകളിൽ പൊടിപിടിച്ചു നശിക്കും.

120 ബസ്സുകൾ ഓടുന്ന റൂട്ടിൽ ഒരു ബസ്സ് മാത്രം ഓടിയാൽ ഉണ്ടാകുന്ന ദുരന്തം നിങ്ങൾക്ക് കരയിലുള്ളവർക്ക് ബോധ്യമാകും. പക്ഷേ, ഞങ്ങൾക്ക് ടാക്സിയോ ട്രൈനോ മറ്റ് വാഹനങ്ങളോ ഞങ്ങളെ കടൽ കടത്താൻ വരില്ല. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ചികിത്സക്ക്, പഠനത്തിന്, ജോലിക്ക്, മറ്റ് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യണം. ഇന്ന് ആയിരക്കണക്കിന് ജനങ്ങൾ യാത്രാ സൗകര്യം മുടങ്ങിയത് കാരണം വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
മരണം, വിവാഹം, മറ്റ് ചടങ്ങുകൾ, ആഘോഷ ദിനങ്ങൾ തുടയിവയ്ക്ക് ഒന്നും പ്ലാൻ ചെയ്തു നാട്ടിലെത്താൻ സാധിക്കില്ല. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് രോഗികളാണ് ചിക്കിത്സ കഴിഞ്ഞാലും നാട്ടിൽ തിരിച്ചെത്താൻ കഴിയാത്ത എത്രയെത്രെ ഹതഭാഗ്യർ.
സ്വന്തം മക്കളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ കപ്പലും കാത്ത് കണ്ണീർ പൊഴിച്ച എത്ര രക്ഷിതാക്കൾ
കുടുംബത്തിൽ നിന്നും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ കഴിയാതെ, അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാതെ ഏങ്ങി കരയുന്ന നിസ്സഹായകരായ എത്രയെത്ര മനുഷ്യർ….

കപ്പൽ കിട്ടാതെ കരയിൽ
നിൽക്കേണ്ട അത്രയും നാൾ താമസത്തിനും,
ഭക്ഷണത്തിനും വേണ്ടി ചെലവാക്കുന്ന ഭീമമായ തുക ദ്വീപുകാരെ കൂടുതൽ കൂടുതൽ കടക്കെണിയിലാക്കുന്നു. എന്തിനാണ് സമാനതകളില്ലാത്ത ഈ ക്രൂരത?

CIPIM പാർട്ടി ലക്ഷദ്വീപ് പോർട്ട് അധികാരികളെ കണ്ട് കത്ത് നൽകി, CPIM എം പി മാർ നിരവധി തവണ പാർലമെൻ്റിൽ ആവശ്യങ്ങൾ ഉന്നയിച്ചു, ഷിപ്പിങ് മിനിസ്റ്റർക്ക് കത്തുകൾ നൽകി ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. എന്തിന് വേണ്ടിയാണ് കപ്പലുകൾ ഇങ്ങനെ പിടിച്ചിട്ടിരിക്കുന്നത്?

പത്ത് മാസത്തോളം മുംബൈയിൽ കൊണ്ട് പോയി കോടികൾ ചെലവാക്കി മെയ്ൻ്റനൻസ് പൂർത്തിയാക്കിയ എം. വി. കവരത്തി ഇപ്പോൾ ഒരു മാസം തികയുന്നതിന് മുൻപ് വീണ്ടും ടെക്നിക്കൽ പ്രോബ്ലം ഉണ്ടാവുന്നത് എങ്ങനെ? കോടികൾ ചെലവാക്കിയത് എങ്ങോട്ട് ? ബിഗ് ഡീലുകളിൽ പങ്കുപറ്റി സ്വകാര്യവൽക്കരിക്കാനാണോ ?

പൂർവ്വികർ കാറ്റും കോളും കൊടും തിരമാലകളും അതിജയിച്ച് കുടുംബത്തോടെ ഈ തുരുത്തിൽ വന്ന് താമസിച്ചത് തന്നെ ശാന്തമായി ജീവിക്കാനാണ്. ലക്ഷദ്വീപുകാർ ശാന്ത പ്രകൃതിയുള്ളവരാണ്, സമാധാനപ്രിയരാണ്.
ഇന്ന് ജനങ്ങൾ ഏറെ അസ്വസ്തരാണ് കുറച്ചു വർഷങ്ങളായി അകാരണമായി ഞങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു. ഞങ്ങളുടെ അവകാശങ്ങൾ നിശേധിക്കുന്നു.

ലക്ഷദ്വീപ് ജനതക്ക് ഞങ്ങളുടെ ഭൂമിയിൽ ശാന്തമായി ജീവിക്കണം. അതിന് നമ്മുടെ രാജ്യം നമുക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിച്ചേ തീരൂ.

മുഹമ്മദ് ഷാഫി ഖുറൈശി
സെക്രട്ടറി
CPIM ലക്ഷദ്വീപ്