കേന്ദ്ര ആദിവാസിക്ഷേമ വകുപ്പ് മന്ത്രിയെനേരിൽകണ്ട്എംപി ഹംദുള്ള സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ച വിവിധ നിയമലംഘന നടപടികളിൽ പ്രതിഷേധവുമായി എംപി അഡ്വ. ഹംദുള്ള സഈദ് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവാൽ ഓറാമിനെ നേരിൽകണ്ടു നിവേദനം സമർപ്പിച്ചു.

പൂർണമായും പട്ടികജാതിയിൽപ്പെട്ടവർ അധിവസിക്കുന്ന ലക്ഷദ്വീപിലെ ജനതയ്ക്ക് നേരിടേണ്ടിവരുന്ന അനീതികളും അവഗണനകളെയും കുറിച്ച് എംപി നിവേദനത്തിൽ പരാമർശിച്ചു. പട്ടികജാതിക്കാർക്ക് അനുവദിച്ച സർക്കാർ ജോലി ഒഴിവുകൾ കാരണം കൂടാതെ അബോളിഷ് ചെയ്യപ്പെടുന്നതും കപ്പൽ ടിക്കറ്റ് നിരക്ക് വർദ്ധനവിലൂടെ സാധാരണജനത്തിന് യാത്രാവകാശം നിഷേധിക്കുന്നതായും എംപി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും ലയന നടപടികളും മൂലം ദ്വീപുകളിൽ പഠനം തടസ്സപ്പെട്ടത്, വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കി. ബിത്ര ദ്വീപ് പൂർണമായും ഏറ്റെടുക്കാൻ നടത്തുന്ന നീക്കം ഭയാനകമായ നിയമലംഘനമായി മാറിയിരിക്കുകയാണ്.

ബിത്ര ദ്വീപ്,ഭാഷ, ആചാരങ്ങൾ, മത്സ്യബന്ധനമേഖല തുടങ്ങിയവയുമായി സാംസ്കാരികപരമായും സാമ്പത്തികമായും തികച്ചും പ്രത്യേകതയുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമാണെന്ന് എംപി വ്യക്തമാക്കി.
ഭരണഘടനയിലെ അഞ്ചാം പട്ടിക, പട്ടികജാതി സംരക്ഷണ നിയമങ്ങൾ, PESA ആക്ട്, വനം അവകാശ നിയമം (FRA) എന്നിവയുടെ പരിധിയിൽപ്പെട്ട ഈ പ്രദേശത്തെ ജനങ്ങളെ അവരുടെ സമ്മതമില്ലാതെ മാറ്റിപ്പാർപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് എംപി നിവേദനത്തിൽ ഉദ്ധരിച്ചു.

അടുത്തിടെ ബിത്രയിൽ പലയിടത്തും സ്വകാര്യഭൂമി ഭൂമി അക്വയർ ചെയ്യാനുള്ള ശ്രമങ്ങൾ കേന്ദ്രഭരണകൂടം ആരംഭിച്ചുവെന്നു ആരോപിച്ച്, അതിന് അടിയന്തരമായി ഇടപെടണമെന്നും, ദ്വീപുകാരുടെ നിലപാട് മാന്യമായി കേട്ടശേഷം മാത്രമേ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാവൂവെന്നും ഹംദുള്ള സഈദ് ആവശ്യം ഉന്നയിച്ചു. ജനങ്ങളുടെ ഹിതം കണക്കിലെടുത്ത് നടപടി സ്വീകരിക്കപ്പെടണമെന്നും നിയമപരമായ സംരക്ഷണങ്ങൾ ഉറപ്പാക്കണമെന്നും എംപി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.