കിൽത്താൻ ദ്വീപിൽ നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ നടപടി: ദേശീയ ഗോത്രകാര്യ മന്ദ്രാലയത്തിന് പരാതി

കിൽത്താൻ: പൂർണമായും പട്ടികജാതിയിലുള്ളവരുടെ പ്രദേശമായ കിൽത്താൻ ദ്വീപിൽ, ഗ്രാമസഭയുടെ അംഗീകാരവും ഭൂ ഉടമയുടെ അനുവാദവുമില്ലാതെ ഭൂമി ഏറ്റെടുക്കാൻ ഭരണകൂട ശ്രമം. ലക്ഷദ്വീപ് നാഷണലിസ്റ്റ് യൂത്ത് കൺഗ്രസ് (NYC) സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ മഹദാ ഹുസൈൻ. ടി. ഐ, ഈ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകി.

ബിത്ര പിടിച്ചെടുക്കാൻ സർക്കാർ സ്വീകരിച്ച അതേ രീതിയിലുള്ള നടപടിയും ഉത്തരവും തന്നെയാണ് കിൽത്താൻ ദ്വീപിലെ ഭൂമി ഏറ്റെടുക്കൽ നടപടിക്കായി പുറപ്പെടുവിച്ച ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്.

ഭൂമി കൈവശപ്പെടുത്തുന്ന പ്രാഥമിക നോട്ടിഫിക്കേഷൻ 2025 സെപ്റ്റംബർ 16 നാണ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് ലാൻഡ് അക്വിസിഷൻ കളക്ടർ പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മഹ്ദ ഹുസൈൻ പരാതിയിൽ പറയുന്നു. Panchayat ( Extension to Scheduled Areas) 1996 (PESA), 2013-ലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ ഉറപ്പാക്കുന്ന നിയമം (LARR Act, 2013) എന്നിവ പ്രകാരം ഗോത്രവർഗ്ഗ മേഖലകളിൽ ഭൂമി ഏറ്റെടുക്കുമ്പോൾ ബന്ധപ്പെട്ട ഗ്രാമസഭയുടെ മുൻകൂർ സമ്മതം നിർബന്ധമാണ്. ഗ്രാമ സഭയുടെ അംഗീകാരമില്ലാതെ ഷെഡ്യുൾഡ് ഏരിയകളിലെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനയോട് നടത്തുന്ന വെല്ലുവിളി കൂടിയാണ്.

സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അടിയന്തിരമായി ഇടപെടുകയും, നോട്ടിഫിക്കേഷൻ പിൻവലിക്കുകയും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യണമെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ബിത്ര വിഷയത്തിൽ നൽകിയ പരാതിയിൽ ഗോത്രകാര്യ മന്ത്രാലയം ഇടപെട്ടത്പോലെ ഈ വിഷയത്തിലും ഇടപെടുമെന്ന പ്രതീക്ഷയിലാണെന്ന് മഹദാ ഹുസൈൻ വ്യക്തമാക്കി.