കിൽത്താൻ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്.പി. )കിൽത്താൻ യൂണിറ്റിൽ കൂട്ടരാജി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡൻ്റ് അറക്കലച്ചെറ്റ ഇസ്ഹാഖ്, ജോയിൻ്റ് സിക്രട്ടറി പുതിയ സുറാമ്പി മുഹമ്മദ് യാസീൻ, സ്കൂൾ മാനേജ്മെൻറി കമ്മിറ്റി ചെയർമാൻ എൻ.എം.ഷിഹാബുദ്ധീൻ എന്നിവർ പാർട്ടിയിൽ നിന്നും രാജിവെച്ചു.കൂടുതൽ പേർ രാജിവെക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അറക്കലച്ചെറ്റ ഹബീബിനെ പ്രസിഡൻ്റാക്കണം എന്നാവശ്യപ്പെടുന്നവർ നേരെ വാ നേരെ പോ എന്ന ഒരു വാട്ട് സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അവരുടെ പ്രതിഷേധം രേഖപ്പെടുത്തി വന്നിരുന്നു. ഇതിലെ പല വോയിസ് ക്ലിപ്പുകളും മറ്റ് ഗ്രൂപ്പുകളിലേക്ക് ചിലർ ഫോർവേഡ് ചെയ്യുകയുണ്ടായി.ഇത് മൂലം പാർട്ടിക്ക് പൊതുജനമദ്ധ്യത്തിൽ നാണക്കേടുണ്ടായി.തുടർന്ന് പാർട്ടി കമ്മിറ്റി കൂടി ഹബീബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ പ്രവർത്തകർ രാജിവെച്ചിരിക്കുന്നത്. വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ ഹബീബ് അനുകൂലികളുടെ വോയിസ് ക്ലിപ്പുകളും രാജിക്കത്തുകളും നിറഞ്ഞിരിക്കുകയാണ്.ഈ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടിയിൽ അടിയന്തിരമായ അഴിച്ചു പണികൾ വേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്.ഹബീബ് അനുകൂലികൾ പുതിയ സംഘടന രൂപീകരിച്ചിട്ടുള്ളതായും ഇവരുടെ ശബ്ദ സന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കോൺഗ്രസ്സിൽ നിന്നും ഈയിടെ പാർട്ടിയിലേക്ക് വന്ന ചിലരാണ് പാർട്ടിയെ ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.
കിൽത്താൻ എൻ.സി.പി.യിൽ കൂട്ടരാജി
