കിൽത്താൻ: കിൽത്താൻ ദ്വീപിൽ ‘ആഫ്രിക്കൻ ഒച്ച്’ (ജയന്റ് ആഫ്രിക്കൻ സ്നേൽ) വ്യാപകമായി കണ്ടുവരുന്നതോടെ ജനങ്ങൾ ആശങ്കയിൽ. ഡാക്ക് ബംഗ്ലാവ്, JB സ്കൂൾ പരിസരത്ത് നിന്നും ഹോസ്പിറ്റലിന്റെ വടക്ക് വശം വരെയുള്ള മേഖലയിൽ ഇതിനകം തന്നെ അനേകം ഒച്ച് കളെ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചു.
ആഫ്രിക്കൻ ഒച്ചുകളുടെ സ്രവത്തിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ മസ്തിഷ്കജ്വരത്തിന് കാരണമാകാം. കാർഷിക വിളകൾക്കും വൻനാശമാണ് ഇവ സൃഷ്ടിക്കുന്നത്. വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ തുടങ്ങിയ നിരവധി വിളകളെയാണ് ഇവ ആക്രമിക്കുന്നത്. പ്രത്യേകിച്ച് വാഴയിലയ്ക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുന്നത്.
പ്രത്യുത്പാദനശേഷി അതിവേഗമായ ഇവയ്ക്ക് ആൺ-പെൺ ജാതികൾ ഒരേ ജീവിയിലാണുള്ളത്. ഒരു ഒച്ച് ശരാശരി 900-ഓളം മുട്ട ഇടുകയും, അതിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അഞ്ചുമുതൽ പത്തുവർഷം വരെ ജീവിക്കാവുന്ന ഇവയുടെ പെരുക്കം നിയന്ത്രണം ഇല്ലാതെ പോയാൽ ദ്വീപുമൊത്തും വ്യാപിക്കാൻ ഇടയുണ്ട്. അപകടസാധ്യത മനസിലാക്കാതെ ഇവ കൈകാര്യം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
നാടെങ്ങുമെത്തുന്നതിന് മുമ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.
തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും കാർഷിക കൂട്ടായ്മകളും ഏകോപിച്ച് ബോധവത്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
