കിൽത്താൻ: കിൽത്താൻ ദ്വീപിലെ പിഎം ശ്രീ ജൂനിയർ ബേസിക് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ മുഹമ്മദ് അസ്നാൻ ഖുറൈഷി എപി, ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയെ രക്ഷിച്ച് ശ്രദ്ധേയനാകുന്നു.
ജൂലൈ 18-ന് ബാപ്പയോടൊപ്പം കടൽക്കരയിലൂടെ നടക്കവേ, അസ്നാൻ ഒരു കടലാമ വലയിൽ കുടുങ്ങിയതായി ശ്രദ്ധിച്ചു. കഴുത്തിലും ചിറകുകളിലും പരുക്കേറ്റ നിലയിലായിരുന്നു കടലാമയുടെ സ്ഥിതി. കടലാമ വലയിൽ കുടുങ്ങി ശ്വാസം മുട്ടുന്ന നിലയിൽ നിന്നു മോചിപ്പിക്കുന്നതിനായി, അസ്നാനും അവൻ്റെ പിതാവും ചേർന്ന് ഏറെ കൃത്യതയും കരുതലുമോടെയും നീണ്ട ശ്രമം നടത്തുകയും ആമയെ രക്ഷിക്കുകയും ചെയ്തു.
മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുള്ള ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി മാറിയ റെസ്ക്യൂ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടി. വംശനാശ ഭീഷണി നേരിടുന്ന കടലാമയെ സംരക്ഷിക്കുന്നത്തിൽ ഒരു ബാലൻ ഇത്രയും ചിന്താപരമായി പ്രതികരിച്ചതിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും അഭിനന്ദിച്ചു. അസ്നാന്റെ സ്കൂൾ അധികൃതർ അവനെ ആദരിക്കാൻ തയ്യാറെടുക്കുകയാണ്.
വളർന്നുവരുന്ന തലമുറകളിൽ പരിസ്ഥിതി ബോധവും സഹജീവി സ്നേഹവും വളർത്തേണ്ടതിന്റെ പ്രസക്തിയെ ഈ സംഭവം ഊന്നിപ്പറയുന്നു. ചെറിയ വയസ്സിലും വലിയ ചിന്തയുമായി മുന്നോട്ട് വന്ന അസ്നനാനെ പോലുള്ള കുട്ടികൾ തന്നെ പ്രകൃതിയുടെ യഥാർത്ഥ സംരക്ഷകർ ആകുകയാണെന്ന് കിൽത്താൻ ഫോറസ്റ്റ് ഓഫീസർ അഭിപ്രായപ്പെട്ടു. അസ്നാൻഖുറൈഷിയുടെ ഈ പ്രവൃത്തി കടലാമ രക്ഷാപ്രവർത്തനം ലക്ഷദ്വീപിലെ കുട്ടികൾക്കിടയിൽ ഒരു ജാഗ്രതയും ബോധവത്കരണവും പകരുന്ന സന്ദേശമായി മാറിയിരിക്കുകയാണ്.
