ആർ.ജി.എസ്.എച്ച് അഗത്തിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു

അഗത്തി:ദീർഘകാലമായി ഡോക്ടർമാരുടെ സേവന ക്ഷാമം നേരിട്ടിരുന്ന അഗത്തി ദ്വീപിലെ രാജീവ്  ഗാന്ധി  സ്പെഷ്യലിറ്റി  ഹോസ്പിറ്റൽ  (RGSH) ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു. നാഷണൽ ലീഗ് നടത്തിയ ശക്തവും തുടർച്ചയുമായ ഇടപെടലുകളുടെ ഫലമായാണ് ഭരണകൂടം ഈ തീരുമാനത്തിലെത്തിയതെന്ന് നാഷണൽ ലീഗ് നേതാകൾ  അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി ആർജിഎസ്എച്ച് ആശുപത്രിയിൽ ഫിസിഷ്യനും ജനറൽ സർജനും ഇല്ലാത്ത അവസ്ഥ നിലനിന്നിരുന്നു. ഇതുമൂലം സാധാരണ രോഗങ്ങൾക്കുപോലും ദ്വീപുകാർക്ക് കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾക്കിത് വലിയ ദുരിതമായിരുന്നു.

ഈ സാഹചര്യം ചൂണ്ടിക്കാട്ടി നാഷണൽ ലീഗ് വിവിധ തലങ്ങളിൽ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ സേവന വകുപ്പിലേക്കും ഉന്നത അധികാരികളിലേക്കും നിരന്തരം നൽകിയ നിവേദനങ്ങൾ, പ്രതിനിധി സംഘങ്ങളുടെ ഇടപെടൽ, പൊതുജന സമ്മർദ്ദം എന്നിവയാണ് വിഷയത്തിൽ നിർണായകമായതെന്ന് നാഷണൽ ലീഗ് നേതാവ്  അബ്ദുൽ  ഗഫൂർ കെഎം ദ്വീപ് ഡയറിയോട് പറഞ്ഞു.

ലക്ഷദ്വീപ് ആരോഗ്യ സേവന ഡയറക്ടറേറ്റ് 2026 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും, അതിന്റെ ഭാഗമായി ആർജിഎസ്എച്ച് അഗത്തിയിലേക്കും ഡോക്ടർമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ദ്വീപിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നാഷണൽ ലീഗ് നേതൃത്വം ഈ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട്, നിയമിച്ച ഡോക്ടർമാർ ഉടൻ ചുമതലയേൽക്കുകയും സ്ഥിരതയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുകയും വേണം എന്ന് ആവശ്യപ്പെട്ടു. ദ്വീപുകാരുടെ അടിസ്ഥാന ആരോഗ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇനിയും ജാഗ്രത തുടരുമെന്നും അവർ അറിയിച്ചു.