ആന്ത്രോത്ത്:
ആന്ത്രോത്തിൽ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട നാജിയ (രജിസ്ട്രേഷൻ നമ്പർ: IND-LD-AN-MO-57) എന്ന മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെയും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസം മുമ്പ് തന്നെ ഇവർ ദ്വീപിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു.
അവസാനമായി മത്സ്യബന്ധനം നടത്തിയതായി വിവരം ലഭിച്ചത് ഏളികൽപേനി ഭാഗത്താണ്. കാണാതായവർ: ശംസുദ്ധീൻ എ, അനീസ് സി.പി., കൗദത്ത് അലി ഖാൻ എ, റഹ്മത്തുള്ള ഇ.കെ. എന്നിവർ. ഇവർ യാത്ര ചെയ്ത നജിയ ബോട്ട് കുന്നാശാട തങ്ങകോയയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്.
സംഭവത്തെ തുടർന്ന് ഏളികൽപേനി മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കോസ്റ്റ് ഗാർഡ് കപ്പലും തിരച്ചിലിൽ പങ്കെടുത്തു. ആന്ത്രോത്തിൽ നിന്നുള്ള എം.എൽ. ഹബീബ് ബോട്ടും, കുത്തുബുസമാൻ ബോട്ടും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മേൽനോട്ടം വഹിക്കുകയാണ്. എങ്കിലും ഇതുവരെ മത്സ്യബന്ധന ബോട്ടിന്റെയോ തൊഴിലാളികളുടെയോ ഏതെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചിട്ടില്ല. ഏളികൽപേനി പ്രദേശത്ത് കോസ്റ്റ് ഗാർഡ് കപ്പലിന്റെ പട്രോളിംഗും നിരീക്ഷണവും തുടർന്നുകൊണ്ടിരിക്കുന്നു. കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം ശക്തമായി തുടരുകയാണ്.
