അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ  പ്രതിഷേധത്തിന് ഒരുങ്ങി LDWA

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ഭിന്നശേഷിക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഭിന്നശേഷി കൂട്ടായ്മ (LDWA).  തിങ്കളാഴ്ച ഭരണകൂടവുമായി നടത്തുന്ന നിർണ്ണായക ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ചൊവ്വാഴ്ച പുലർച്ചെ ആറു മണി മുതൽ കവരത്തി മെയിൻ ജെട്ടി പൂർണ്ണമായും ഉപരോധിക്കുമെന്ന് സ്റ്റേറ്റ് പ്രസിഡന്റ് പി.പി. ബർക്കത്തുള്ള അറിയിച്ചു. ഇതോടെ തുറമുഖ പ്രവർത്തനങ്ങൾ പൂർണ്ണമായി നിശ്ചലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ 30-ന് ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലായി ഒരേസമയം നടന്ന പ്രതിഷേധ പരിപാടികൾ ഇപ്പോൾ കവരത്തിയിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വെറും പ്രതിഷേധമല്ല, അതിജീവനത്തിനുള്ള പോരാട്ടമാണെന്നും, ഭരണകൂടത്തിന്റെ അന്യായ നടപടികൾക്കെതിരെ ശക്തമായ നിലപാടാണ് ഭിന്നശേഷി സമൂഹം സ്വീകരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഷിപ്പ് ടിക്കറ്റ് വിതരണം നടത്തുന്നതിന് പകരം കൗണ്ടറുകൾ വഴി സുതാര്യമായി ടിക്കറ്റുകൾ ലഭ്യമാക്കുക, നിഷേധിക്കപ്പെട്ട ഭിന്നശേഷി ആനുകൂല്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക, ദ്വീപുകളിലെ യാത്രാ സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമായി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവെന്ന് കൂട്ടായ്മ വ്യക്തമാക്കി.

ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലുമുള്ള ഭിന്നശേഷി സുഹൃത്തുക്കളും അവരുടെ രക്ഷിതാക്കളും ഈ സമരത്തിൽ സജീവമായി പങ്കാളികളാകണമെന്ന് പി.പി. ബർക്കത്തുള്ള ആഹ്വാനം ചെയ്തു. കവരത്തിയിൽ നിലവിലുള്ള മുഴുവൻ ദ്വീപ് നിവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് അവകാശങ്ങൾക്കായി ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ അവഗണനകൾക്ക് മുന്നിൽ ഇനി പിന്നോട്ടില്ലെന്നും, സംഘടിത ശക്തിയിലൂടെ നീതി ഉറപ്പാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരമുഖത്ത് നിന്ന് പിന്മാറില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഭിന്നശേഷി കൂട്ടായ്മയും അവരുടെ കുടുംബങ്ങളും.