അഗത്തി–ബംഗാരം–തിണ്ണകര ബോട്ട് സർവീസ് നിർത്തലാക്കൽ: ഇടപെടൽ ആവശ്യപ്പെട്ട് എം.പി ഹംദുള്ളാ സയ്യീദ്

കവരത്തി: അഗത്തി ദ്വീപിൽ നിന്ന് ബംഗാരവും തിണ്ണകരയും ഉൾപ്പെടുന്ന ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് പ്രദേശവാസികളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. എം. ഹംദുല്ല സഈദ് ഭരണകൂടത്തിന് കത്ത് നൽകി.

അഗത്തി ദ്വീപിലേക്കുള്ള തന്റെ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ ബോട്ട് ഉടമകളും ടൂറിസം സർവീസ് ദാതാക്കളും ഹോംസ്റ്റേ ഓപ്പറേറ്റർമാരും നേരിട്ട് സമീപിച്ച് ബോട്ട് സർവീസ് നിർത്തലാക്കിയതുമൂലം ഗുരുതരമായ ജീവിതോപാധി പ്രശ്നങ്ങൾ നേരിടുന്നുവെന്ന് അറിയിച്ചതായും കത്തിൽ പറയുന്നു. ദീർഘകാലമായി സർവീസ് നിലച്ചത് പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്നും, ദ്വീപുകളിലെ നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമാണ് ടൂറിസമെന്നും എം.പി ചൂണ്ടിക്കാട്ടി.

ബംഗാരവും തിണ്ണകരയും ലക്ഷദ്വീപിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണെന്നും, അഗത്തി ദ്വീപിൽ നിന്ന് നിയന്ത്രിതമായ ബോട്ട് ഗതാഗതം പുനരാരംഭിക്കാതെ ടൂറിസവും തൊഴിലും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളും നിലനിർത്താൻ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ആവശ്യമായ അനുമതികൾ നൽകാത്തതുമൂലം ഈ മേഖലയെ ആശ്രയിക്കുന്നവർക്കിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണെന്നും എം.പി അറിയിച്ചു.

ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സുരക്ഷാ മാനദണ്ഡങ്ങളും നിയമപരമായ നടപടികളും പാലിച്ച് ബംഗാരം, തിണ്ണകര ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ പുനരാരംഭിക്കാൻ ആവശ്യമായ അനുമതികൾ നൽകണമെന്ന് എം.പി ഹംദുല്ല സഈദ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇത്തരമൊരു വേഗത്തിലുള്ള നടപടി ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാകുകയും പ്രാദേശിക ടൂറിസവും ജീവിതോപാധികളും സാധാരണ നിലയിലാക്കാൻ സഹായകരമാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഡ്വൈസർ ഡോ. എസ്.ബി. ദീപക് കുമാർ ഐ.എ.എസിനാണ് എം.പി കത്ത് നൽകിയത്.